Sunday 7 August 2016

Interstellar: The Cinema of Physicists



ശ്യൂനാകാശ ദൗത്യം പ്രമേയമാക്കിയുള്ള സയൻസ് ഫിക്ഷൻ സിനിമയാണ് ഇന്റെർസ്റ്റെല്ലർ. ഹോളിവുഡ് ചലച്ചിത്രലോകത്തെ അത്ഭുത പ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന ക്രിസ്ടഫർ നോളൻ തന്റെ ചിത്രമായ ഇന്റർസ്റ്റെല്ലാർ സിനിമയിൽ പറഞ്ഞിരിക്കുന്നതും ഒരു വമ്പൻ ശൂന്യാകാശ സാഹസിക ദൗത്യത്തെ ആസ്പദമാക്കിയുള്ള വളരെ സങ്കീർണ്ണത നിറഞ്ഞ സംഭവ വികാസങ്ങളാണ്. ഭൂമിയിലെ മനുഷ്യ വർഗത്തെ രക്ഷിക്കുക എന്ന പ്രധാന ഉദ്ദേശ്യം മുന്നിൽകണ്ട് ഒരു സംഘം വാസയോഗ്യമായ മറ്റു ഗ്രഹങ്ങൾ തേടി നടത്തുന്ന അതിസാഹസികമായ യാത്രയുടെ കഥ പറയുന്നതാണ്‌ ഇന്റെർസ്റ്റെല്ലർ. തന്റെ മുൻ ചിത്രങ്ങളിലേതു പോലെ തന്നെ നോളനും അദ്ദേഹത്തിന്റെ ഭാര്യ എമ്മ തോമസും ചേർന്ന് രൂപം കൊടുത്ത പ്രൊഡക്ഷൻ കമ്പനിയായ SYNCOPYയും LEGENDARY പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.



കഥ വിശദമായി.

നാസയിൽ പൈലറ്റായി സേവനം അനുഷ്ടിച്ച കൂപ്പർ (Matthew McConaughey) ഒരു കൃഷി ഫാം നടത്തി വരികയാണ്. ട്യൂമർ കാരണം ഭാര്യയെ നഷ്ടപ്പെട്ട കൂപ്പറിന്റെ മക്കളാണ് പതിനഞ്ചു വയസ്സുകാരനായ ടോമും പത്തു വയസ്സുകാരി മർഫും. നിരന്തരം വീശിയടിക്കുന്ന ശക്തിയായ പൊടിക്കാറ്റും കോണ്‍, ഒക്ര (വെണ്ടയ്ക്ക) തുടങ്ങിയ കാർഷികവിളകളുടെ സമ്പൂർണ്ണ നാശത്തിനു വരെ കാരണമാകുന്ന ബ്ലൈററ് എന്ന രോഗവും മൂലം ഭൂമിയിൽ മാനവരാശിയുടെ നിലനിൽപ്പു ചോദ്യചിഹ്നമായി നില്ക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.



സ്വന്തം മുറിയിലെ ബുക്ക്‌ ഷെൽഫിന്റെ സമീപം ഒരു പ്രേതം ഉണ്ടെന്നും അത് തന്നോട് ആശയ വിനിമയം നടത്താൻ ശ്രമിക്കുന്നുണ്ടെന്നും മർഫ് വിശ്വസിക്കുന്നു. പക്ഷേ, മർഫിന്റെ ഈ വിശ്വാസം കൂപ്പർ അംഗീകരിച്ചു കൊടുക്കുന്നില്ല. ബുക്ക്‌ ഷെല്ഫിനു സമീപം ഗ്രാവിറ്റിയിൽ ചില വ്യതിയാനങ്ങൾ കാണാൻ സാധിച്ച കൂപ്പർക്ക് അവിടെ ദൃശ്യമായ പൊടി കൂമ്പാരത്തിൽ നിന്നും ഒരു സ്ഥലത്തിന്റെ ബൈനറി കോ ഓഡിനെറ്റ്സ് കണ്ടെത്താൻ സാധിച്ചു. കോ ഓഡിനെറ്റ്സിൽ പറഞ്ഞ സ്ഥലം ലക്ഷ്യമാക്കി കൂപ്പറും മർഫും പുറപ്പെടുകയും അതവരെ നാസയുടെ ഒരു രഹസ്യ ക്യാമ്പിൽ എത്തിക്കുകയും ചെയ്യുന്നു. നാസയുടെ ലാസറസ് എന്ന ദൗത്യത്തിന് ചുക്കാൻ പിടിക്കുന്ന പ്രൊഫസർ ബ്രാൻഡ്‌, അദ്ദേഹത്തിന്റെ മകൾ അമേലിയ, റോമിലി, ഡോയൽ എന്നിവർ ഉൾപ്പെടുന്ന സംഘം കൂപ്പർ അവരുടെ രഹസ്യ സങ്കേതം എങ്ങനെ കണ്ടെത്തി എന്നതിനെ പറ്റി വിശദമായി അന്വേഷിക്കുന്നു. എൻജിനീയറും നാസക്കു വേണ്ടി പൈലറ്റുമായി പ്രവർത്തിച്ച കൂപ്പറിനോട് ലാസറസ് ദൌത്യത്തിന്റെ പൈലറ്റായി പ്രവർത്തിക്കാൻ ബ്രാൻഡ് ആവശ്യപ്പെടുന്നു.

എന്താണ് ലാസറസ് ദൗത്യം?
കാർഷിക വിളകളെ ബാധിച്ച കടുത്ത രോഗങ്ങളും ജനങ്ങളെ ദുരിതത്തിലാക്കുന്ന വമ്പൻ പൊടിക്കാറ്റുമെല്ലാം ഭൂമിയിൽ മാനവരാശിയുടെ അവസാന കാലഘട്ടം ആസന്നമായിരിക്കുന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഭൂമി ഉപേക്ഷിച്ചു മനുഷ്യ വർഗത്തെ ശൂന്യകാശത്തിലെ വാസയോഗ്യമായ ഗ്രഹങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുക എന്ന വമ്പൻ പദ്ധതിയാണ് ലാസറസ് മിഷൻ. മിഷന്റെ ഭാഗമായി നിർമ്മിക്കുന്ന കൂറ്റൻ സ്പേസ് ഷട്ടിൽ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. പക്ഷേ, ഗ്രാവിറ്റുമായി ബന്ധപ്പെട്ട ഒരു സമവാക്യം സോൾവ്‌ ചെയ്‌താൽ മാത്രമേ ഈ പേടകത്തെ ശൂന്യാകാശത്ത് എത്തിക്കാൻ സാധിക്കുകയുള്ളൂ. പ്രൊഫസർ ബ്രാൻഡ് നാല്പതു വർഷമായി ഈ സമവാക്യം പൂർത്തിയാക്കാനുള്ള പ്രയത്നത്തിലാണ് . ലാസറസ് ദൌത്യത്തിൽ രണ്ടു പ്ലാനുകൾ ആണുള്ളത്. പ്ലാൻ എ യും പ്ലാൻ ബി യും .



എന്താണ് പ്ലാൻ എ & പ്ലാൻ ബി ?
ഏതാണ്ട് പത്തു വർഷം മുമ്പ് ലാസറസ് ദൌത്യത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ശനി ഗ്രഹത്തിന് സമീപമായുള്ള വേം ഹോളിലൂടെ യാത്ര ചെയ്ത പര്യവേഷകരായ മില്ലർ, ഡോക്ടർ മൻ, വൂൾഫ് എഡ്മുണ്ട് എന്നിവരിൽ ഓരോരുത്തരും ഗര്ഗാന്റുവ എന്ന ഭീമൻ ബ്ലാക്ക്‌ ഹോളിനെ ഭ്രമണം ചെയ്യുന്ന ഓരോ ഗ്രഹങ്ങളിൽ എത്തി ചേർന്നിരുന്നു. ഈ ഗ്രഹങ്ങൾ എത്രത്തോളം വാസയോഗ്യമാണ് എന്ന് കണ്ടെത്തുകയായിരുന്നു ആ പര്യവേഷകരുടെ ദൗത്യം. ഇവർ ഓരോരുത്തരും ഈ ഗ്രഹങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന്റെ ഭാഗമായുള്ള ഡാറ്റ വീണ്ടെടുക്കുകയും ഈ ഗ്രഹങ്ങളിൽ ഏതാണ് വാസയോഗ്യമെന്ന് കണ്ടെത്തുകയാണ് പ്ലാൻ എ യിലെ ആദ്യ ലക്‌ഷ്യം. കൂറ്റൻ പേടകം വഴി ജനങ്ങളെ ഈ ഗ്രഹങ്ങളിൽ എത്തിക്കണമെങ്കിൽ ഗ്രാവിറ്റി സമവാക്യം സോൾവ്‌ ചെയ്‌തേ പറ്റൂ. പ്ലാൻ എ പരാജയപ്പെടുകയാണെങ്കിൽ പ്ലാൻ ബി. പര്യവേഷകർ മാനവ രാശിയെ ഈ ഗ്രഹങ്ങളിൽ പുനഃസൃഷ്ടിക്കുക എന്നതാണ് പ്ലാൻ ബി വഴി ഉദ്ദേശിക്കുന്നത്.
മാനവരാശിയുടെ നിലനില്പ്പ് മുന്നിൽ കണ്ട് ലാസറസ് ദൗത്യത്തിന്റെ ഭാഗമാകാനുള്ള ഡോക്ടർ ബ്രാണ്ടിന്റെ ക്ഷണം കൂപ്പർ സ്വീകരിക്കുന്നു. തന്നെ വിട്ടു പോകരുതെന്ന മർഫ് കരഞ്ഞു പറഞ്ഞെങ്കിലും തനിക്കു പോകാതിരിക്കാൻ കഴിയില്ല എന്നും എന്തായാലും തിരിച്ചു വരുമെന്നും പറഞ്ഞു കൂപ്പർ മർഫിനെ ആശ്വസിപ്പിക്കുന്നു .
കൂപ്പർ, അമേലിയ, ശാസ്‌ത്രജ്ഞരായ റോമിലി, ഡോയൽ, റോബോട്ടുകളായ ടാർസ്, കെയ്സ് എന്നിവർ ഉൾപ്പെട്ട സംഘം ‘എൻഡുറൻസ്’ എന്ന ബഹിരാകാശ വാഹനത്തിൽ നിന്നും ലാസറസ് ദൗത്യം ആരംഭിക്കുന്നു. തുടക്ക ഘട്ടത്തിൽ ശനി ഗ്രഹത്തിന്റെ അടുത്തെത്തിയ സംഘം ‘വേം ഹോൾ’ കാണാനിടയാകുന്നു. രണ്ടു ഗാലക്സികളെ ബന്ധിപ്പിക്കുന്ന ഷോർട്ട് കട്ട് ആണ് വേം ഹോൾ. വേം ഹോളിലൂടെ ഏതാണ്ട് പ്രകാശ വേഗത്തിൽ ‘റെന്ജർ’ എന്ന പ്രത്യേക പേടകത്തിലൂടെ സഞ്ചരിക്കാൻ പദ്ധതിയിടുന്ന സംഘത്തിന്റെ ആദ്യ ലക്‌ഷ്യം മില്ലെഴ്‌സ് പ്ലാനെറ്റ് ആണ്. ഭീമൻ ബ്ലാക്ക്‌ ഹോൾ ആയ ‘ഗർഗാന്റുവ’ യുടെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതു കൊണ്ടും ഗർഗാന്റുവ ചെലുത്തുന്ന വമ്പൻ ഗുരുത്വാകർഷണ ശക്തി കൊണ്ടും മില്ലെഴ്‌സ് പ്ലാനറ്റിൽ ഒരു മണിക്കൂർ തങ്ങിയാൽ അത് ഭൂമിയിലെ ഏഴു വർഷത്തിനു സമമാണ് എന്ന വസ്തുത കൂപ്പറും കൂട്ടരും മനസ്സിലാക്കുന്നു.



മില്ലെഴ്‌സ് പ്ലാനറ്റിൽ എത്തുന്ന സംഘം സയന്റിസ്റ്റ് ലോറ മിലർ കണ്ടെത്തിയ വിവരങ്ങൾ ശേഖരിക്കുന്ന അവസരത്തിൽ ഒരു പടു കൂറ്റൻ തിരമാലയിൽ പെട്ടുലയുന്നു. വമ്പൻ തിരമാലയിൽ പെട്ട ഡോയൽ കൊല്ലപ്പെടുന്നു. ഏതാനും മണിക്കൂറുകൾ മാത്രം മില്ലെഴ്‌സ് പ്ലാനറ്റിൽ തങ്ങുകയും ആദ്യ ദൗത്യം പരാജയപ്പെട്ട് എൻഡുറൻസിൽ തിരിച്ചെത്തുകയും ചെയ്ത കൂപ്പറും അമേലിയയും ഇരുപത്തിമൂന്നു വർഷം പിന്നിട്ടതായി എൻഡുറൻസിൽ തങ്ങിയ റോമിലിയിൽ നിന്നും മനസിലാക്കുന്നു. ഇതേ സമയം അങ്ങ് ഭൂമിയിൽ കൂപ്പറിന്റെ മകൾ മർഫ് നാസയിലെ സയന്റിസ്റ്റ് ആയി സേവനം അനുഷ്ടിക്കുകയാണ്. പ്രൊഫസർ ബ്രാണ്ടിനു പൂർത്തിയാക്കാൻ കഴിയാത്ത ഗ്രാവിറ്റി സമവാക്യത്തിന് ഒരു പരിഹാരം കാണാൻ മർഫും ശ്രമിക്കുന്നു.
മില്ലെഴ്‌സ്‌ ദൗത്യം പരാജയപ്പെട്ട കൂപ്പരും കൂട്ടരും അടുത്തതായി ഏതു പ്ലാനെറ്റ് ആണ് തിരഞ്ഞെടുക്കേണ്ടത് എന്ന് ചർച്ച ചെയ്യുന്നു. ഇന്ധനത്തിന്റെ കുറവ് കാരണം മറ്റു രണ്ടു ഗ്രഹങ്ങളും സന്ദർശിക്കാൻ ടീമിന് കഴിയില്ല. എഡ്‌മണ്ട് തിരഞ്ഞെടുക്കാൻ അമേലിയ ശുപാർശ ചെയ്യുന്നുണ്ടെങ്കിലും മൻ പ്ലാനെറ്റിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന അനുകൂലമായ സിഗ്നൽ കാരണം അങ്ങോട്ട്‌ യാത്ര തിരിക്കാൻ കൂപ്പരും റോമിലിയും നിർദ്ദേശിക്കുന്നു. മൻ പ്ലാനെറ്റിലെത്തുന്ന സംഘം ഹൈബെർനെറ്റ് അവസ്ഥയിൽ ആയ ഡോക്ടർ മന്നിനെ കണ്ടെത്തുകയും അദ്ദേഹത്തെ നോർമൽ അവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നു. തണുത്തുറഞ്ഞ മഞ്ഞു കട്ടകളും നദികളും മാത്രം കാണാൻ സാധിച്ച മൻ ഗ്രഹം വാസയോഗ്യമായ സ്ഥലമാണെന്നും തന്റെ കയ്യിൽ ഇതിനോടനുബന്ധിച്ച ഡാറ്റ ഉണ്ടെന്നും ഡോക്ടർ മൻ സംഘത്തെ ബോധ്യപ്പെടുത്തുന്നു.



ഈ സമയത്ത് മർഫ് ഭൂമിയിൽ നിന്നും അയച്ച ഒരു സന്ദേശം സംഘത്തെ ആകെ ഞെട്ടിക്കുന്നു. മരണശയ്യയിൽ കിടന്ന പ്രൊഫസർ ബ്രാൻഡ് അവസാനമായി പറഞ്ഞ കാര്യങ്ങളായിരുന്നു മർഫ് സംഘത്തിനു കൈ മാറിയത്. യഥാർത്ഥത്തിൽ ലാസറസ് ദൗത്യത്തിന്റെ ആദ്യ പടിയായ പ്ലാൻ എ ഒരിക്കലും പൂർത്തിയാക്കാൻ പറ്റില്ല എന്ന് ബ്രാൻഡിനു അറിയാമായിരുന്നു. അതു കൊണ്ട് പ്ലാൻ ബിയിൽ ഉറച്ചു നില്ക്കുക എന്നാണ് അദ്ദേഹം നടപ്പാക്കിയ രഹസ്യ അജണ്ട എന്നും മൻ സംഘത്തെ അറിയിക്കുന്നു. അന്യ ഗ്രഹങ്ങളിലാണെങ്കിലും പര്യവേഷകരിലൂടെ മാനവരാശിയെ നിലനിർത്തുക എന്നൊരു ഉദ്ദേശ്യം മുൻനിർത്തിയാണ് പ്ലാൻ എ പ്രധാന ലക്‌ഷ്യം എന്ന വ്യാജേന ലാസറസ് മിഷൻ അദ്ദേഹം പ്ലാൻ ചെയ്തത്.
പ്രൊഫസർ ബ്രാൻഡ്‌ വെളിവാക്കിയ രഹസ്യം കൂപ്പറെ ക്ഷുഭിതനാക്കുകയും അദ്ദേഹം നാട്ടിലേക്ക് തിരിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ മൻ പ്ലാനെറ്റ് വാസ യോഗ്യമാണെന്നു കാണിക്കുന്ന വിവരങ്ങൾ ഡോക്ടർ കെട്ടി ചമച്ചതായിരുന്നു എന്നും ഡോക്ടർ മൻ തങ്ങളെയൊക്കെ ചതിക്കുകയായിരുന്നു എന്നും കൂപ്പർ അറിയാനിടയാകുന്നു. വർഷങ്ങളായി ഈ പ്ലാനെറ്റിൽ അകപ്പെട്ട തന്നെ രക്ഷിക്കാൻ ആരെയെങ്കിലും വരുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഡോക്ടർ മൻ പ്ലാനെറ്റ് വാസ യോഗ്യമാണെന്നു കാണിക്കുന്ന രീതിയിൽ എൻഡുറൻസ് സംഘത്തിനു സിഗ്നൽ കൈ മാറിയത്. പ്ലാൻ ബി ആണ് ലാസറസ് ദൌത്യത്തിന്റെ യഥാർത്ഥ ദൗത്യം എന്നറിയാവുന്ന ഡോക്ടർ മൻ തന്റെ വ്യാജ ഡേറ്റ വിവരം വെളിവാകാതിരിക്കാൻ കൂപ്പറെ വക വരുത്താൻ ശ്രമിക്കുകയും റോമിലിയെ ബോംബ്‌ സ്ഫോടനമൊരുക്കി കൊല്ലുകയും ചെയ്യുന്നു.



മന്നിന്റെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കൂപ്പർ അമേലിയയുമൊത്ത് റെയ്‌ഞ്ചറിൽ ഡോക്ടർ മന്നിനെ പിന്തുടരുന്നു. എൻഡുറൻസിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്ന ഡോക്ടർ മൻ ഒരു വമ്പൻ പൊട്ടിത്തെറിയിൽ കൊല്ലപ്പെടുകയും അത് വഴി എൻഡുറൻസ് പേടകത്തിന്‌ വമ്പിച്ച കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. എൻഡുറൻസ് പേടകത്തിന്റെ നിയന്ത്രണം എങ്ങനെയൊക്കെയോ കൂപ്പർ വരുതിയിലാക്കിയെങ്കിലും പൊട്ടിത്തെറിയിൽ പേടകത്തിന്‌ സംഭവിച്ച കേടുപാടുകൾ കാരണം ഭൂമിയിലേക്കുള്ള മടക്ക യാത്ര അസാധ്യമായി തീർന്നു. ഇന്ധന കുറവ് കാരണം എഡ്മുണ്ട് ഗ്രഹത്തിലേക്കുള്ള യാത്രയും സാധ്യമല്ല എന്ന് അമേലിയ അനുമാനിക്കുന്നെങ്കിലും ഗർഗാന്റുവ ബ്ലാക്ക് ഹോളിന്റെ കടുത്ത ഗുരുത്വാകർഷണ ശക്തി വഴി റെയ്‌ഞ്ചറിനെ മാക്സിമം സ്പീഡിൽ എത്തിക്കാമെന്നും അത് വഴി എഡ്മുണ്ടിൽ എത്തിച്ചേരാമെന്നും കൂപ്പർ നിർദ്ദേശിക്കുന്നു. ഈ യാത്രക്കിടയിൽ ഭൂമിയിലെ 51 വർഷങ്ങൾ കഴിഞ്ഞു പോകുമെന്ന് കൂപ്പർ കണ്ടെത്തുന്നെങ്കിലും യാത്രയിൽ നിന്നും പിന്മാറാൻ അവർ തയ്യാറാകുന്നില്ല.



എഡ്‌മണ്ട്സിലേക്കുള്ള യാത്രക്കിടയിൽ റോമിലി മരിക്കുന്നതിനു തൊട്ടു മുമ്പ് പ്ലാൻ ചെയ്തത് പ്രകാരം ബ്ലാക്ക്‌ ഹോളിൽ നിന്നും ക്വാണ്ടം ഡാറ്റ കണ്ടെത്തുക എന്ന ലക്‌ഷ്യം പൂർത്തിയാക്കാനായി ടാർസ് റോബോട്ടിനെ ഗർഗാന്റുവയുടെ അഗാധതയിലേക്കയക്കുന്നു . തൊട്ടു പിന്നാലെ അമേലിയയുടെ എതിർപ്പ് വക വയ്ക്കാതെ എൻഡുറൻസിൽ നിന്നും വേർപെട്ടു കൂപ്പറും റെയ്‌ഞ്ചറിൽ ബ്ലാക്ക് ഹോളിന്റെ അഗാധതയിലേക്ക്‌ കൂപ്പു കുത്തി. ബ്ലാക്ക്‌ ഹോളിലെ അതിതീവ്രമായ ഗുരുത്വാകർഷണ ശക്തി കാരണം റെയ്‌ഞ്ചറിൽ നിന്നും വേർപെട്ടു കൂപ്പർ ഒരു ഫൈവ് ഡൈമൻഷനൽ സ്പേസിൽ എത്തി ചേരുന്നു. ഈ സ്ഥലത്ത് സമയം എന്നത് ഒരു physical quantity ആയി കൂപ്പർക്ക് അനുഭവപ്പെടുന്നു. യഥാർത്ഥത്തിൽ മർഫ് കുട്ടിയായിരിക്കുമ്പോൾ തന്റെ മുറിയിലെ ബുക്ക്‌ ഷെല്ഫിനു പുറകിലായി പ്രേതം എന്ന് മർഫ് തെറ്റിദ്ധരിച്ച ആൾ, അത് കൂപ്പർ തന്നെയായിരുന്നു എന്ന സത്യം അവിടെ വെളിവാകുന്നു. ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഫൈവ് dimensional സ്പേസിൽ നിന്നും ഗ്രാവിറ്റിയുടെ സഹായത്തോടെ കൂപ്പർ മർഫുമായി ആശയ വിനിമയം നടത്തുകയായിരുന്നു. ഈ ഗ്രാവിറ്റിയാണ് മർഫിന്റെ ഷെല്ഫ് പിടിച്ചു കുലുക്കിയതും പുസ്തകങ്ങൾ താഴെ വീഴ്ത്തിയതുമൊക്കെ. ടാർസ് ബ്ലാക്ക് ഹോളിൽ നിന്നും വീണ്ടെടുത്ത ക്വാണ്ടം ഡാറ്റ കൂപ്പർ മോർസ് കോഡ് ആയി മർഫിന്റെ ബുക്ക്‌ ഷെല്ഫിനു മുകളിൽ വച്ച വാച്ചിൽ നിക്ഷേപിക്കുന്നു. വർഷങ്ങൾക്ക് ശേഷം മർഫ് ഈ വാച്ചിലെ കോഡ്‌ കണ്ടെത്തുകയും പ്രൊഫസർ ബ്രാൻഡിനു കഴിയാത്ത ഗ്രാവിറ്റി സമവാക്യം പൂർത്തിയാക്കുകയും പ്ലാൻ എ വിജയകരമായി നടപ്പിലാക്കുകയും ചെയ്യുന്നു.



ക്വാണ്ടം ഡാറ്റ പൂർണമായും അയച്ചു കഴിഞ്ഞതിനു ശേഷം five dimensional space ഇല്ലാതാകുകയും കൂപ്പർ മറ്റൊരു സ്ഥലത്ത് എത്തുകയും ചെയ്യുന്നു. കണ്ണ് തുറന്ന കൂപ്പറിന് ഭൂമിയിൽ നിന്നും പ്ലാൻ എ യുടെ ഭാഗമായി സ്പെസിലേക്ക് പുറപ്പെട്ട “കൂപ്പർ സ്റ്റെഷൻ “എന്ന പേടകത്തിലാണ് താനെന്നു മനസ്സിലാകുന്നു. അവിടെ വച്ച് കൂപ്പർ മർഫിനെ കാണുന്നു. മർഫിനിപ്പോൾ ഏതാണ്ട് നൂറു വയസ്സിനടുത്ത് പ്രായമുണ്ട്. മരണശയ്യയിൽ കിടക്കുന്ന മർഫ് കൂപ്പറോട് തന്നെ വിട്ടു പോകണമെന്നും അമേലിയയെ പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. അമേലിയ ആകട്ടെ പ്ലാൻ ബി വിജയിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇപ്പോൾ എഡ്‌മണ്ട് ഗ്രഹത്തിൽ എത്തി ചേർന്നിരിക്കുകയാണ്. അമേലിയയെ തേടി കൂപ്പർ എഡ്‌മണ്ട് ഗ്രഹത്തിലേക്ക്‌ യാത്ര ആരംഭിക്കുന്ന ഘട്ടത്തിൽ ചിത്രത്തിന് തിരശീല വീഴുന്നു.


(കടപ്പാട്: അനൂപ് ജോസ്, മൂവി രാഗ, രാജേഷ്) 

Friday 5 August 2016

Reserved Thoughts about Caste Reservation

  • എന്താണ് സംവരണം?
സംവരണം അടിസ്ഥാനപരമായി ഒരു തൊഴിൽദാന പദ്ധതിയോ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയോ അല്ല, അധികാര പങ്കാളിത്തത്തിന്റെ വിഷയമാണ്. താഴ്ന്ന ജാതിയിൽ പെട്ടവർക് അവരുടെ ജനസംഖ്യാനുപാതികമായ പരിഗണന കൊടുക്കുന്നതാണ്  സംവരണം.  ഇന്ത്യ പോലെ ഇത്രത്തോളം വൈവിധ്യങ്ങൾ ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്ന ഒരു സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങൾ അധികാരത്തിന്റെ എല്ലാ തലങ്ങളിലും ആനുപാതികമായി റപ്രസന്റ്‌ ചെയ്യപ്പെടുന്നു എന്നതും സമൂഹം എല്ലാവരേയും ഉൾക്കൊള്ളുന്നു എന്നതും ഉറപ്പു വരുത്തേണ്ടത് നമ്മുടെ ബഹുസ്വര ജനാധിപത്യത്തിന്റെ ചുമതലയാണ്. 



  • ഈഴവർക്കും മുസ്ലീങ്ങൾക്കും എന്തിനാണ് സംവരണം?
സംവരണം ഉണ്ടായിരുന്നിട്ട് പോലും മുസലീങ്ങള്‍ക്ക് ജനസംഖ്യാ ആനുപാതികമായ പ്രാതിനിധ്യം ഗവണ്‍മെന്‍റ് ജോലികളില്‍ ലഭിച്ചിട്ടില്ല. അവര് ഗള്ഫിൽ പോകുന്നു... കച്ചവടം നടത്തുന്നു... ഗവ്ന്മേന്റ്റ് ജോലിയോട് താല്പര്യം ഇല്ല... എന്നൊക്കെ ഉള്ള ആരോപണം അവര്ക്ക് റിസർവേഷൻ ഇല്ലാതെ ആക്കാനുള്ള കാരണമേ അല്ല. ഇതേ കാരണം ദളിതരുടെ കാര്യത്തിലും വേണമെങ്കിൽ പറയാവുന്നതെ ഉള്ളൂ... അവര്ക്ക് സര്ക്കര് ജോലിയോട് താല്പര്യം ഇല്ല... അവര്ക്ക് ഇഷ്ടം കൂലിപ്പണിയും തോട്ടിപ്പണിയും ആണ് ഇഷ്ടം എന്നൊക്കെ. ഇവിടത്തെ ബിസ്സിനസ് മേഖലയിലെ കണക്കു എടുത്തൽ പോലും ജന്സന്ഖ്യയിൽ 25 ശതമാനത്തിൽ അധികം വരുന്ന മുസ്ലീംകൾ അവരുടെതായ പ്രാതിനിത്യം നേടിയിട്ടില്ല. ഈഴവരെ സംബന്ധിച്ച് NGO ജോബുകളിൽ ( LDC ,LGS , etc ...) സംവരണം കൂടാതെ തന്നെ ഈഴവർക്ക് ജനസംഖ്യ ആനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ട്... പക്ഷേ അതിനു മുകളിലേക്ക് റിസർവേഷന്റെ ആനുകൂല്യം ഇല്ലാതെ എത്തിപ്പെടുന്ന ഈഴവര് വളരെ കുറവാണ്.

  • സംവരണം ഉള്ളതുകൊണ്ടാണോ സമൂഹത്തിൽ ജാതി നിലനിൽക്കുന്നത്?
അല്ല. കാരണം "പാരസിറ്റമോൾ ഉള്ളത് കൊണ്ടാണ് പനി ഉണ്ടാകുന്നത് "  (വാചകത്തിന് കടപ്പാട്: ഫാര്മിസ് ഹാഷിം)  എന്നത് പോലെ ഉള്ള ഒരു വാദം ആണ് സംവരണം ഉള്ളതുകൊണ്ടാണ് സമൂഹത്തിൽ ജാതി നിലനിൽക്കുന്നത് എന്ന്.സമൂഹത്തിൽ ജാതി നിലനിൽക്കാൻ തുടങ്ങിയിട്ട് 1000 വർഷങ്ങൾക്കു മുകളിൽ ആയി. അതായത് കടലാസ്സു കണ്ടു പിടിക്കുന്നതിന് മുൻപ് തന്നെ ഇവിടെ ജാതി ഉണ്ട്.. എങ്ങും രേഖപ്പെടുത്തി വയ്ക്കാതെ തന്നെ ജാതി കൈമാറി വരുന്നു. സര്ക്കാര് കടലാസ്സിൽ ജാതി രേഖപ്പെടുത്താൻ തുടങ്ങിയിട്ട് 150 വർഷത്തിൽ താഴെ മാത്രമേ ആകുന്നുള്ളൂ. ഇന്നത്തെ നിലയിലുള്ള റിസർവേഷൻ ആരംഭിച്ചിട്ട് 65 വര്ഷം മാത്രം. 1000 വര്ഷമായി നിലനിന്നു പോരുന്ന ജതി വ്യവസ്ഥക്ക് കാരണം ഈ സര്ക്കാര് കടലാസ്സും സംവരണവും ആണ് എന്ന് വാദിക്കുന്നതിൽ എത്ര യുക്തി ഉണ്ട്???
ജാതി നോക്കി വിവാഹം കഴിച്ചവര് ആയിരിക്കും ഇവിടെ അധികവും. ഇതിൽ എത്രപേര് സർട്ടിഫിക്കറ്റിലെ ജാതി കണ്ടു ബോധ്യപ്പെട്ടു വിവാഹം കഴിച്ചിട്ടുണ്ട്? ഏതെങ്കിലും വെളുത്ത ദളിതാൻ ബ്രാഹ്മണൻ ആണ് അല്ലെങ്കിൽ നായര് ആണ് എന്ന് കള്ളം പറഞ്ഞു എന്റെ മോളെ കല്യാണം കഴിക്കും എന്ന് സംശയിച്ചിട്ടുണ്ട്‌? ഒരു മനുഷ്യൻ പോലും കാണില്ല. കാരണം ഒരു വ്യക്തിയുടെയോ കുടുംബ്ത്തിന്റെയോ ജാതി നിലനില്ക്കുന്നത് സമൂഹത്തിലാണ്... നമ്മുടെ മനസ്സുകളിൽ എഴുതപ്പെട്ടിരിക്കുകയാണ്... കടലാസ്സിന് അവിടെ പ്രസക്തി ഇല്ല. നമ്മുടെ സര്ട്ടിഫികറ്റ് ഇല് ജാതി വയ്ക്കാത്ത ഒരു ദളിതന് നമ്മുടെ പെണ്മക്കളെ വിവാഹം കഴിപ്പിച്ചു കൊടുക്കാൻ ഉള്ള സാമൂഹിക നിലവാരത്തിലേക്ക് നമ്മൾ ഉയ്ര്ന്നിട്ടുണ്ടോ എന്ന് ഓരോരുത്തരും സ്വയം ചിന്തിക്കുക. എന്നിട്ട് തീരുമാനിക്കുക ജാതി നിലനില്ക്കുന്നത് സര്ക്കാര് കടലാസിലാണോ അതോ നമ്മുടെ മനസ്സിലാണോ എന്ന്.

(ഷാജി പ്ലീസ് നോട്ട് ദിസ്)
  • സംവരണം മെറിറ്റിനെ അട്ടിമറിക്കുകയാണോ സത്യത്തിൽ  ചെയുന്നത്?

തീർച്ചയായും അല്ല. സംവരണം മെറിറ്റിനെ ഒരുതരത്തിലും അട്ടിമറിക്കുന്നില്ല പകരം , മെറിറ്റ്‌ എന്ന സങ്കൽപ്പത്തെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെയും സമഗ്രമായും നോക്കിക്കാണുന്നു എന്നതാണു വാസ്തവം. ഏതെങ്കിലും ഒരു പരീക്ഷയിൽ എത്ര മാർക്ക്‌ കിട്ടി എന്നത്‌ മാത്രം പരിശോധിക്കുന്നത്‌ അർത്ഥശൂന്യമാണ്. ഓരോ പരീക്ഷാർത്ഥിയുടേയും സാമൂഹിക, സാമ്പത്തിക പശ്ചാത്തലം അവരുടെ മാർക്കുകളെ നിശ്ചയമായും സ്വാധീനിക്കും. നൂറു മീറ്റർ ഓട്ടമത്സരത്തിൽ ആരാണ് ഫിനിഷിംഗ്‌ ലൈനിൽ ആദ്യമോടിയെത്തുന്നത്‌ എന്ന് മാത്രം നോക്കിയാൽ പോരാ, ആരെല്ലാം എവിടെ നിന്നാണു തുടങ്ങുന്നതെന്ന് കൂടി നോക്കണം. ചിലർ സീറോയിൽ നിന്ന് തുടങ്ങുന്നു, ചിലർ അമ്പത്‌ മീറ്ററിൽ നിന്ന് തുടങ്ങുന്നു, ചിലർ തുടങ്ങുന്നത്‌ തൊണ്ണൂറാം മീറ്ററിൽ നിന്നാണ്. എല്ലാവർക്കും അവസര സമത്വം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ നമുക്ക്‌ മെറിറ്റിനെക്കുറിച്ച്‌ സംസാരിക്കാനർഹതയുള്ളൂ. സ്വാശ്രയ കോളേജുകളേയും പണം നൽകിയുള്ള എയ്ഡഡ് സ്‌ക്കൂൾ/കോളേജ് നിയമനങ്ങളേയുമൊക്കെ മടി കൂടാതെ അംഗീകരിക്കുന്നവർ തന്നെയാണ് സംവരണത്തിന്റെ കാര്യം വരുമ്പോൾ മാത്രം മെറിറ്റും പൊക്കിപ്പിടിച്ച് വരുന്നതെന്ന് തികഞ്ഞ കാപട്യമാണ്. 

  • സംവരണം ലോകാവസാനം വരെ തുടരണോ?
വേണ്ട. ഇത് എല്ലാം അവസാനിപ്പിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ അതിനു ചെയ്യേണ്ടത് നായരും കുറെ നസ്രാണികളും ചേർന്ന് പത്ര സമ്മേളനം നടത്തി സാമ്പത്തിക  സംവരണം എന്ന് നില വിളിക്കുക അല്ല. അതിനു ആദ്യം വേണ്ടത് സെന്സസ് നോടൊപ്പം ജാതി തിരിച്ചു കണക്കു എടുക്കണം... ഗവണ്മെന്റ്  ജോലികളെ എ, ബി , സി , എന്നിങ്ങനെ വിവിധ ക്ലാസ്സുകളാക്കി തിരിച്ചു ഓരോ ക്ലാസ് ജോലികളിലും ജോലി ചെയ്യുന്ന കൃത്യമായ ജാതി അനുപാതം കണ്ടെത്തണം. ജനസംഖ്യ ആനുപാതികമായി ഓരോ ക്ലാസ് ജോലികളിലും എത്തിപ്പെടാത്ത വിഭാഗങ്ങല്ക്ക് മാത്രം സംവരണം അനുവദിക്കണം.  അല്ലാതെ ഒരു സുപ്രഭാതത്തിൽ നിർത്താവുന്ന ഒന്നല്ല സംവരണം.

  • സംവരണം കൊണ്ട്‌ സംവരേണതര വിഭാഗങ്ങൾക്ക്‌ നഷ്ടം ഉണ്ടാകുന്നുണ്ടോ?
സംവരണം കൊണ്ട്‌ സംവരേണതര വിഭാഗങ്ങൾക്ക്‌ കാര്യമായ നഷ്ടമൊന്നുമുണ്ടാവുന്നില്ല. ഇപ്പോൾ നിലവിൽ സർക്കാർ സർവ്വീസുകളിൽ മാത്രമാണു സംവരണം നടപ്പാക്കിയിട്ടുള്ളത്‌. ആകെ ജനസംഖ്യയുടെ 2 ശതമാനത്തിൽത്താഴെ ആളുകൾക്ക്‌ മാത്രമേ അല്ലെങ്കിൽത്തന്നെ സർക്കാർ സർവ്വീസുകളിൽ ജോലി നേടാൻ കഴിയുന്നുള്ളൂ. അതിൽ അമ്പത്‌ ശതമാനം സംവരണം നടപ്പാക്കിയാലും ഇല്ലെങ്കിലും ബാക്കിയുള്ള 98 ശതമാനത്തിനും അതുകൊണ്ട്‌ കാര്യമായി ഒരു അവസരനഷ്ടവുമുണ്ടാകാൻ പോകുന്നില്ല. 
"The biggest scam ever in India is the caste system". എല്ലാവർക്കും തുല്യമായും നീതിപൂർവ്വകമായും വിതരണം ചെയ്യപ്പെടേണ്ട സമ്പത്തും പൊതു വിഭവങ്ങളിലുള്ള ഉടമസ്ഥാവകാശവും അധികാരമോ അധികാര സാമീപ്യമോ ഉപയോഗിച്ച് ചുരുക്കം ചിലർ കൈവശപ്പെടുത്തുന്നതിനേയാണല്ലോ നാം അഴിമതി എന്ന് വിളിക്കുന്നത്. ആ വിശാലാർത്ഥത്തിൽ നോക്കുകയാണെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ, ഏറ്റവും ആസൂത്രിതമായ, ഏറ്റവും ദീർഘകാലം നീണ്ടുനിന്ന അഴിമതിയുടെ പേരാണ് ജാതി വ്യവസ്ഥ എന്നത്.


  • സംവരണം ജാതി ചിന്തയെ ശാശ്വതമായി നിലനിർത്തുന്നതാണോ?
സംവരണം ജാതി ചിന്തയെ ബലപ്പെടുത്തില്ലേ എന്നും ശാശ്വതമായി നിലനിർത്തില്ലേ എന്നും പലരും സംശയമുന്നയിച്ചുകാണാറുണ്ട്‌. കഴിഞ്ഞ കാലങ്ങളിൽ ജാതിമേധാവിത്തത്തിന്റെ ഗുണഫലങ്ങൾ അനുഭവിച്ച സവർണ്ണ വിഭാഗങ്ങളിൽപ്പെട്ടവരാണു ഈ ചോദ്യമുന്നയിക്കുന്നവരിൽ മഹാഭൂരിപക്ഷവും എന്നാണു വസ്തുത. ജാതിയുടെ കെടുതികൾ അനുഭവിച്ചിട്ടില്ലാത്തവർക്ക്‌ മറ്റുള്ളവരോട്‌ അത്‌ മറക്കാൻ പറയുക എളുപ്പമാണ്. എന്നാൽ അതിന്റേതായ ദുരിതങ്ങൾ മുൻതലമുറകൾ തൊട്ട്‌ അനുഭവിച്ച്‌ പോരുകയും അത്‌ സമ്മാനിച്ച പിന്നാക്കാവസ്ഥ ഇന്നും തലയിൽപ്പേറുകയും ചെയ്യുന്നവർക്ക്‌ അതത്ര എളുപ്പമല്ല. വേറൊരാളുടെ മുഖത്തിനിട്ട്‌ ഏകപക്ഷീയമായി പത്ത്‌ അടി കൊടുത്തിട്ട്‌ ഇനി അതെല്ലാം മറക്കണമെന്ന് പറഞ്ഞാൽ അതെല്ലാവർക്കും ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല. ജാതി സൃഷ്ടിച്ച അസമത്വങ്ങൾ ജാതിയിലൂടെത്തന്നെ പരിഹരിച്ച്‌ എല്ലാവർക്കും ഒരു ലെവൽ പ്ലെയിംഗ്‌ ഫീൽഡ്‌ ഉറപ്പുവരുത്തിയാൽ മാത്രമേ നമുക്ക്‌ ജാതിചിന്തയെ ഒഴിവാക്കാനാവുകയുള്ളൂ. അതിനുള്ള ഒരു ഉപാധിയാണ് സംവരണം.

ഇനിയും സംവരണത്തെ കുറിച്ച്  അബദ്ധ ധാരണകൾ വെച്ച് പുലർത്തുന്നവർ ഉണ്ട്. സംവരണത്തെ അനുകൂലിച്ച്‌ സംസാരിച്ചാൽ  അവസാനം സംവരണ വിരുദ്ധരുടെ എപിക് ഡയലോഗ് കൂടി കേൾക്കേണ്ടി വരും: "നീയൊക്കെ യുക്തിവാദിയാണ് കോപ്പാണ് എന്ന് പറഞ്ഞു നടന്നിട്ട്... സംവരണത്തിന്റെ കര്യം വരുമ്പോൾ ജാതി / മത ബോധം ഉണരും... നീയൊക്കെ വെറും വര്ഗീയ വാദികൾ ആണ്..." 
ഇത് പറയുന്ന സുഹൃത്തുക്കളോട് എനിക്ക് പറയാൻ ഒന്നേ ഉള്ളൂ...!!! സാംബത്തിക സംവരണം എന്ന ആഗോള മണ്ടത്തരത്തെ അനുകൂലിക്കുന്നതാണ് യുക്തിവാദം എങ്കിൽ ഞാൻ യുക്തി വാദിയല്ല. എനിക്ക് ഇവിടെ ആരുടേയും യുക്തിവാദി സ്ര്ട്ടിഫികറ്റ് ന്റെ ആവശ്യവും ഇല്ല...!

NB: ചർച്ചക്ക് വരുന്നവർ... ഗവന്മേന്റ്റ് ജോലി എന്നാൽ " അധികാര സ്ഥാനം " എന്നും, സംവരണം എന്നാൽ " ജന സംഖ്യാനുപാതികമായ പ്രാതിനിധ്യം എന്നുമുള്ള മിനിമം ബോധം ഉള്ളവര് ആയിരിക്കണം... അല്ലാതെ മുസ്ലീം കച്ചവടം നടത്തി കാശുണ്ടാക്കുന്ന കഥയും... ദളിതൻ തോട്ടിപ്പണിക്ക് പോയി കാശുണ്ടാക്കുന്ന കഥയും കൊണ്ട് വരണം എന്നില്ല...!!! തന്നെക്കാൾ മാർക്ക് കുറഞ്ഞവന് അഡ്മിഷൻ കിട്ടി അതുകൊണ്ട് സംവരണത്തെ  എതിർക്കും എന്നൊക്കെ പറഞ്ഞു വന്നാൽ കാലിൽ പിടിച്ചു നിലത്തടിക്കും.
(വരികൾക് കടപ്പാട്: വിടി ബൽറാം എംഎൽഎ, അധുൻ അശോക്, കാണാപ്പുറം നകുലൻ, കേരള ഫ്രീതിങ്കേഴ്‌സ് ഫോറം)