Friday 29 November 2013

കൊല-"സൃഷ്ടി"

മനുഷ്യന് തീരെ പരിചയമില്ലാത്ത ജീവിയാണ് പിശാച്. ഇന്നത്തെ കാലാഘട്ടത്തില്‍ ഇവയെപ്പറ്റി പഠിക്കുന്നതും, പറയുന്നതും ഉചിതമായി പലര്‍ക്കും തോന്നാറില്ല. എന്നിരുന്നാലും എന്റെ അറിവില്‍നിന്നും മറ്റു ലേഖനങ്ങളില്‍ നിന്നും ഇവയെക്കുറിച്ച് ഞാന്‍ വായിച്ചറിഞ്ഞ ചില വസ്തുതകളാണ് താഴെ വിവരിക്കുന്നത്. നിത്യ നൂതനത്വം തിളങ്ങി നില്‍ക്കുന്ന ഈ വിഷയത്തില്‍ ലേഖനം എഴുതാന്‍ ഞാന്‍ ഇസ്ലാമിക വിജ്ഞാനം ഉള്‍കൊണ്ട് കെ.എന്‍.എം മുന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്ന മര്‍ഹൂം. ഡോ. എം. ഉസ്മാന്‍, അവര്‍കള്‍ രചിച്ച ‘മുഖ്യ ശത്രു’ എന്ന ഗവേഷണ പ്രബന്ധമാണ് അവലംബമായി സ്വീകരിച്ചിട്ടുള്ളത്.

തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാണ്. അവനെ ശത്രുവായിത്തന്നെ കണക്കാക്കുക. അവന്‍ അവന്റെ കൂട്ടുകാരെ ക്ഷണിക്കുന്നത് നരകവാസികളാകാന്‍ വേണ്ടിമാത്രമാണ്” (വി. ഖുര്‍ആന്‍ 35:6)
ഖുര്‍ആന്‍ വളരെയെറെ പ്രാധാന്യം നല്‍കിയിട്ടുള്ള വിഷയമാണ് ജിന്നുകളില്‍ നിന്നുമുള്ള പിശാചിനെപ്പറ്റി. അവയെ മനുഷ്യന്‍ പല രീതിയിലും ഉപയോഗിക്കാറുണ്ട് എന്നത് വസ്തുതയാണ്. സാഹിത്യ കലാസൃഷ്ടികളുടെ രചനയില്‍ ഇവയ്ക്കുള്ള കഥാപാത്രം എന്താണെന്നുള്ളത് പലരും അറിയാത്ത ഒരു യാഥാര്‍ത്ഥ്യമാണ്.
ഖുര്‍ആന്‍ പരലോകത്തെപ്പറ്റിയും മറ്റും തരുന്ന മുന്നറിയിപ്പുകളെ അവഗണിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതിന് പിശാച് പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നു. അതില്‍ വളരെയേറെ പ്രധാനപ്പെട്ട ഒരു കാര്യം പരലോക വിശ്വാസത്തെയും, അല്ലാഹുവിലുള്ള വിശ്വാസത്തെയും നശിപ്പിക്കുവാന്‍ ഉത്തകുന്ന വിധത്തിലുള്ള സാഹിത്യ കലാ- സൃഷ്ടികളുടെ നിര്‍മ്മാണമാണ്. വളരെ വിപുലമായി ലോകാടിസ്ഥാനത്തില്‍ നടക്കുന്ന ഒരു പ്രതിഭാസമാണിത്. മനുഷ്യരിലുള്ള ഒട്ടേറെ ബുദ്ധിജീവികളെ പരലോകത്തെപ്പറ്റി അന്ധരാക്കുവാന്‍ ഈ മാര്‍ഗ്ഗം പിശാച് ഉപയോഗിക്കുന്നു.
                “അപ്രകാരം ഓരോ പ്രവാചകനും നാം ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള പിശാചുക്കളെ ശത്രുക്കളാക്കിയിട്ടുണ്ട്. അവരില്‍ ചിലര്‍ ചിലര്‍ക്ക് വഞ്ചനാത്മകമായ അലങ്കാര സാഹിത്യങ്ങള്‍ സന്ദേശങ്ങളായി അറിയിച്ചുക്കൊണ്ടിരിക്കുന്നു...” (വി. ഖുര്‍ആന്‍ 6:112)
            പ്രവാചകന്മാരുടെ ദൗത്യങ്ങളെ പരാജയപ്പെടുത്താന്‍ അവരുടെ കാലത്തുണ്ടായിരുന്ന കവികളും സാഹിത്യകാരന്മാരും സാഹിത്യ സൃഷ്ടികള്‍ നിര്‍മ്മിക്കുക ഒരു പതിവാക്കിയിരുന്നു. ലൂത്ത് നബി (അ)യുടെ കാലത്ത് പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെയും പ്രേമത്തെയും വാഴ്ത്തിക്കൊണ്ടായിരുന്നത്രേ സാഹിത്യകാരന്മാര്‍ സാഹിത്യ സൃഷ്ടികള്‍ നിര്‍മ്മിച്ചിരുന്നത്!! ഇത് പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ലോക ചരിത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. ജിന്നുകളില്‍ നിന്നുമുള്ള പിശാചുക്കള്‍ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തെ മഹത്തരമായി ചിത്രീകരിക്കാന്‍ കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും ‘സന്ദേശങ്ങള്‍’ നല്‍കി സഹായിച്ചിരിക്കണം എന്ന് വേണം കരുതാന്‍.
മുഹമ്മദ്‌ നബി (സ)യുടെ കാലത്തുണ്ടായിരുന്ന ഖുറൈശി (മുഹമ്മദ്‌ നബി (സ) ജനിച്ച ഗോത്രം) കവികള്‍ നബിക്കെതിരില്‍ കവിതകള്‍ ഉണ്ടാക്കിയിരുന്നു. അവര്‍ക്ക് ജിന്നുകളില്‍പ്പെട്ട പിശാചുക്കളുടെ സഹായം/സന്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. മനുഷ്യന്റെ പരലോക ജീവിതത്തെപ്പറ്റി ഖുര്‍ആനും മറ്റു ഇതര മതങ്ങളുടെ വേദഗ്രന്ഥങ്ങളും നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിക്കാനും, മനുഷ്യന്റെ ഈ വിഷയത്തിലുള്ള ചിന്ത വഴിത്തിരിച്ച് വിടാനും ഉതകുന്ന തരത്തിലുള്ള സാഹിത്യകലാസൃഷ്ടികള്‍ നിര്‍മ്മിക്കുവാന്‍ മനുഷ്യനും പിശാചുക്കളും തമ്മതമ്മില്‍ സന്ദേശങ്ങള്‍ നല്‍കിയും സഹായം ചൊരിഞ്ഞും ഇന്നും പ്രവര്‍ത്തുക്കുന്നുണ്ട്.
സാഹിത്യത്തിലും കലയിലുമുള്ള ഇത്തരമ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയാണ് രൂപപ്പെടുന്നത് എന്ന് പരിശോധിച്ച് നോക്കാം. അതിനു മു‍‌മ്പ് സാഹിത്യകാരന്മാരുടെ സ്വഭാവം മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ സാഹിത്യ സൃഷ്ടികളില്‍ പ്രഖ്യാപിക്കുന്ന മഹത്തായ ആശയങ്ങളും അവരുടെ സ്വകാര്യ ജീവിതവുമായി യാതൊരു ബന്ധവുമുണ്ടായിരിക്കുകയില്ല. പാശ്ചാത്യലോകത്തിലുള്ള സാഹിത്യക്കാരുടെ സ്വകാര്യ ജീവിതവും സാഹിത്യ സൃഷ്ടികളും പരിശോധിച്ചാല്‍ ഈ കാര്യം കൂടുതല്‍ വ്യക്തമാവും. ഇംഗ്ലീഷ് മഹാകവിയായ ബൈറന്‍ പ്രഭുവിന്റെ കൃതികള്‍ വിളംബരം ചെയുന്ന മഹത്തായ ആശയങ്ങളും, അദ്ദേഹത്തിന്റെ ലക്കില്ലാത്ത ലൈംഗിക അരാജകത്വപരമായ ജീവിതവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുകയില്ല. പൗരാണികാരും ആധുനികരുമായ ഭൂരിപക്ഷ ഭാരതീയ-പാശ്ചാത്യ കവികളുടെയും നില ഇതില്‍ നിന്നും വ്യത്യസ്തമല്ല. സ്ത്രീകളുടെ പാതിവൃതിത്തെപ്പറ്റി പ്രശംസിക്കുന്ന കവി നിരവധി സ്ത്രീകളുടെ പാതിവൃതം നശിപ്പിച്ചവനായിരിക്കും. ഔദാര്യത്തെയും മനുഷ്യ സ്നേഹത്തെയും പുകഴ്ത്തുന്ന കവി പിശുക്കനും കഠിന ഹൃദയനുമായിരിക്കും. 
കവികളുടെ ഈ സ്വഭാവത്തെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധേയമാണ്. “അവര്‍ പ്രവര്‍ത്തിക്കാത്തത് പറഞ്ഞുക്കൊണ്ടിരിക്കുന്നു.” (ശുഅറാ 26:226). ഇതു സത്യാവിശ്വാസികളുടെ സ്വഭാവത്തിന് നേരെ വിരുദ്ധമാണ്. “ഹേ, സത്യവിശ്വാസികളെ, നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പറയുക എന്നത് അല്ലാഹുവിങ്കല്‍ ഏറ്റവും കൊപമുള്ള കാര്യമാണ്”.
മനുഷ്യന് പ്രായോഗികമാക്കാന്‍ കഴിയുന്ന ഉപദേശങ്ങള്‍ മാത്രമേ പ്രവാചകന്മാരില്‍ നിന്നും ഉണ്ടാകുകയുള്ളൂ. എന്നാല്‍ കവികള്‍ക്ക് പ്രായോഗികത പ്രശ്നമേയല്ല. അതുക്കൊണ്ട് വളരെ സുന്ദരവും ആകര്‍ഷണീയവുമായ ആശയങ്ങള്‍ അവര്‍ക്ക് ഭംഗിയായ ശൈലിയില്‍ നിര്‍മ്മിച്ചു വിടാം. കവിയുടെ ഭാവന നിയന്ത്രണമില്ലാതെ ഉയര്‍ന്നുപോകുന്നു. സൗന്ദര്യത്തിനും അലങ്കാരത്തിനും വേണ്ടി പലപ്പോഴും സത്യത്തെ അവര്‍ ബലിയര്‍പ്പിക്കുന്നു. സദാചാരം അവിടെയൊരു പ്രശ്നമേയല്ല.
വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ)യെ ഉദേശിച്ചു പറയുകയാണ്‌ “നാം അദ്ദേഹത്തെ കവിത പഠിപ്പിച്ചിട്ടില്ല. കവിത അദ്ദേഹത്തിനു യോജിച്ചതുമല്ല.” (യാസീന്‍ 36:69). ഭാവനകളുടെ ചിറക് വിരിച്ച് സൗന്ദര്യാനുഭൂതിയും തേടി പാറിപ്പറക്കുന്ന കവിക്ക് ഒരിക്കലും ദൈവസന്ദേശം ലഭിക്കുവാന്‍ സാധ്യതയില്ല. ‘സാഹിത്യക്കാരന്മാര്‍ക്ക് അവരുടെ സന്ദേശങ്ങളാണ് ലഭിക്കുക’ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ ഒരാള്‍ സാഹിത്യക്കാരനായി തീര്‍ന്നാല്‍ പിന്നെ അയാളുടെ ഭാവനകള്‍ക്ക് ഒരു നിയന്ത്രണവുമില്ലാതായിത്തീരുന്നു.
:ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുക എന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? കളവുകെട്ടിച്ചമക്കുന്നവരും പാപികളുമായ എല്ലാവരുടെയും മേല്‍ അവര്‍ ഇറങ്ങും. അവര്‍ ശ്രദ്ധിച്ചു കേള്‍ക്കും. അവരില്‍ അധികവും കളവു പറയുന്നവരാണ്. കവികളാകട്ടെ അവരെ പിന്‍പറ്റുന്നത് ദുര്‍മാര്‍ഗ്ഗികളാണ്. അവര്‍ എല്ലാ താഴ്വരകളിലും അലഞ്ഞുനടക്കുന്നത് നീ കണ്ടില്ലേ. അവര്‍ പ്രവര്‍ത്തിക്കാത്തത് പറഞ്ഞു കൊണ്ടിരിക്കുന്നതും. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും തങ്ങള്‍ ആക്രമിക്കപ്പെട്ടതിന് ശേഷം പകരം വീട്ടുകയും ചെയ്തവരൊഴികെ.” (ശുഅറാ 26:221-227)
അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്ത ഭാവനയുടെ അടിസ്ഥാനത്തില്‍ സാഹിത്യ കലാസൃഷ്ടികള്‍ നടത്തുന്ന കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും പൈശാചിക ബോധനങ്ങളും സന്ദേശങ്ങളും ലഭിക്കും. ഒരു കാവ്യസൃഷ്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആള്‍ക്ക് പെട്ടെന്ന്‍ എവിടെ നിന്നോ ഒരാശയം അല്ലെങ്കില്‍ ഒരു വാക്ക് മനസ്സിലുദിക്കുന്നു. എവിടെ നിന്നോ വീണു കിട്ടിയതുപ്പോലെ. തന്റെ സ്വന്തം ചിന്തയുടെയോ ഭാവനയുടെയോ തുടര്‍ച്ചയായിട്ടല്ല, മനസ്സിലേക്ക് ആരോ എറിഞ്ഞു തന്നതുപ്പോലെ എവിടെ നിന്നെന്നില്ലാത്തെ ഒരാശയം, അല്ലെങ്കില്‍ ഒരു ഈരടി കവിത, പെട്ടെന്ന്‍ ഉദിക്കുന്നു. സാധാരണക്കാരായ സാഹിത്യക്കാരന്മാര്‍ക്ക് തന്നെ ഇത്തരം അനുഭവങ്ങള്‍ അപൂര്‍വ്വമല്ല. രാത്രിയില്‍ ഉറക്കമോഴിച്ചിരിക്കുന്നു, അങ്ങനെ എഴുതി വരുമ്പോള്‍ ആശയങ്ങള്‍ നിലച്ചു. ഉറക്കത്തിന്റെ ശല്യം ബാധിക്കുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുത്തുടങ്ങിയ ഘട്ടത്തില്‍ പെട്ടെന്നതാ ഒരു പുതിയ ആശയം! ആകെക്കൂടി കഥയുടെ ഗതിത്തന്നെ മാറുന്നതരത്തില്‍ മനസ്സിലുദിക്കുന്നു. ഇത് സ്വന്തം മനസ്സിന്റെ പ്രവര്‍ത്തനഭലമായി ഉണ്ടായതാവാന്‍ തരമില്ല. മനസ്സ് ക്ഷീണിച്ച് ആശയങ്ങളുടെ ഗതി നിലച്ച് ഉറക്കം ബാധിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ഒരു കവിത മുഴുവനും ഇങ്ങനെ ജന്മമെടുക്കാറുണ്ട്. ‘മിസ്റ്റിക്കവികള്‍’ ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ഒരു മഹാകവി തന്റെ മിസ്റ്റിക് കവിതകളെപ്പറ്റി പറഞ്ഞത് “അത് എന്റേതല്ല, അന്തരീക്ഷത്തില്‍ നിന്ന് എന്തോ ഒന്ന് എന്നില്ക്കൂടി പ്രകടമായതാണ്” എന്നത്രേ!
മനുഷ്യ മനസ്സിന്റെ ദൈവികമായ ഉന്നതിയിലുണ്ടാകുന്ന അനുഭൂതിയില്‍നിന്നുമാണ് ഇത്തരത്തിലുള്ള മഹത്തായ കാവ്യങ്ങളും സാഹിത്യ സൃഷ്ടികളും ഉണ്ടാകുന്നത് എന്ന് പലരും പറയാറുണ്ട്. പക്ഷെ പൈശാചികത്വത്തെ ദൈവീകത്വമായി ഗണിക്കുന്ന പിഴവാണ് ഇതിന് കാരണം. ആധുനിക സാഹിത്യത്തില്‍ പേരുകേട്ട പല നോവലുകളും കവിതകളും ലഹരി വസ്തുക്കളുടെ സംഭാവനയാണ്. കറുപ്പും, കഞ്ചാവും, മദ്യവും മറ്റു ലഹരി വസ്തുക്കളും സാഹിത്യ സൃഷ്ടികളുടെ വളര്‍ച്ചക്ക്  വമ്പിച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മദ്യത്തിന്റെയും ലഹരി വസ്ത്തുക്കളുടെയും സ്വാധീനവലയത്തില്‍ അകപ്പെട്ട മനുഷ്യ മനസ്സിനെ ഒരുതരത്തിലും ദൈവീകത്വം ബാധിക്കുകയില്ലല്ലോ. 
ഇനി വളരെ വ്യക്തമായി ഒരു അശരീരിയുടെ മന്ത്രം ശ്രദ്ധിച്ച് എഴുതുന്ന മഹാകവികളും സാഹിത്യകാരന്മാരുമുണ്ട്. ചിലര്‍ക്ക് കേട്ടെഴുത്ത് കൊടുക്കുന്നതുപ്പോലെ ഉച്ചത്തില്‍ പറഞ്ഞുക്കൊടുത്ത് എഴുതിപ്പികുന്ന അദൃശ്യമായ മിത്രങ്ങളുടമുണ്ടായിരിക്കും. ഇംഗ്ലീഷ് സാഹിത്യകാരനായ സ്റ്റീഫണ്‍സണ്‍, തനിക്ക് കൊടുത്തിരുന്ന അദൃശ്യ സ്നേഹിതനെ ‘ബൗണി’ എന്ന് നാമകരണം ചെയ്തു. ചാറല്‍സ് ലാംബിനും മറ്റുപല പ്രസിദ്ധരായ പാശ്ചാത്യ സാഹിത്യകാരന്മാര്‍ക്കും ഇങ്ങനെ സഹായിക്കുന്ന സഹായികള്‍ ഉണ്ടായിരുന്നുവത്രേ! അറബി സാഹിത്യ ചരിത്രത്തില്‍ പല അറബി മഹാകവികള്‍ക്കും ഇങ്ങനെ ജിന്നുകളില്‍ നിന്ന് സഹായികള്‍ ഉണ്ടായിരുന്നതായി പ്രസ്താവിക്കുന്നുണ്ട്. ഇങ്ങനെ പല നിലവാരത്തിലും മനുഷ്യനും ജിന്നുകളും തമ്മില്‍ സന്ദേശങ്ങള്‍ അറിയിച്ചുക്കൊണ്ട് സാഹിത്യ നിര്‍മ്മാണം നടത്തുന്നു.
മനുഷ്യനെ അവന്റെ യഥാര്‍ത്ഥ ജീവിത ലക്ഷ്യമായ പരലോക മോക്ഷത്തിന്റെ കാര്യം തീരെ വിസ്മരിപ്പിക്കാനും ഇഹലോക ജീവിതത്തില്‍ ലഹരിയില്‍ മുഴുപ്പിക്കാനും പിശാച് ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു ആയുധമാണ് സാഹിത്യ കലാരംഗം. കൊള്ളയും, കൊലപാതകങ്ങളും, വ്യഭിചാരവും, കലവും എല്ലാം ലക്ഷക്കണക്കിന്‌ പുസ്തകങ്ങളില്‍ക്കൂടിയും മറ്റു പ്രസിദ്ധീകരണങ്ങളില്‍ക്കൂടിയും പ്രച്ചരിപ്പിച്ചുക്കൊണ്ട് ഈ പൈശാചിക പ്രസ്ഥാനം ഭീകരവാഴ്ച നടത്തുകയാണ്. എന്നാലും അതിന്റെ മാന്യത ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല. അതെത്ര ആശ്ലീലമായാലും വികൃതമായാലും പൈശാചികമായാലും അതിനൊരു വിലക്കും പാടില്ല. കാരണം, മഹത്തായ കലാസൃഷ്ടിയല്ലേ!! മനുഷ്യസംസ്കാരമല്ലേ!!

(‘മുഖ്യ ശത്രു’ എന്ന ലേഖനത്തിന്റെ സഹായത്തോടുകൂടി)

No comments:

Post a Comment