Tuesday 6 August 2013

ബാഗ്ദാദിലേത് ഹിറ്റ്‌ലറോ അതോ ഗാന്ധിയോ??



ആയിരത്തിയൊന്ന്‍ അറേബ്യന്‍ രാവുകളിലെ മോഹനനഗരമായ ബാഗ്ദാദിലെ ടൈഗ്രീസ് നദിത്തീരത്തെ ഖദീമിയ യു.എസ് സൈനിക ക്യാമ്പ്‌. 2006 ഡിസംബര്‍ മാസം 30. അന്ന് ബലിപ്പെരുന്നാള്‍ ദിവസമായിരുന്നു. പക്ഷെ ആ ദിവസം സൂര്യന്‍ പുലര്‍ന്നത് ലോക മനസ്സാക്ഷിയുടെ പ്രതിഷേധം അവഗണിച്ച് അമേരിക്കന്‍ ഭരണകൂടവും ഇറാഖി സര്‍ക്കാരും ഒരുക്കിയ കഴുമരത്തില്‍ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ വാര്‍ത്തയും കൊണ്ടായിരുന്നു. കാല്‍ നൂറ്റാണ്ടുകാലം ഇറാഖിനെ നയിച്ച്, അറബ് ഐക്യത്തിനായി പ്രയത്നിച്ച ആ ധീര യോദ്ധാവിന്റെ മരണവാര്‍ത്തയറിഞ്ഞ് ലോകം ഒന്നടങ്കം തേങ്ങി.

പരമകാരുണ്യകാനായ അല്ലാഹുവിന്റെ നാമങ്ങള്‍ വാഴ്ത്തിയാണ് സദ്ദാം മരണത്തിലേക്ക് നടന്നകന്നത്‌. കഴുമരത്തിലേക്ക് നീങ്ങുമ്പോള്‍ ആ മുന്‍ഭരണാധികാരി ഒട്ടും ഭയപ്പെടുകയോ അക്രമാസക്തനാവുകയോ ചെയ്തില്ല മരിച്ചു നിസ്സംഗതനും ശാന്തനുമായി അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. “ഞാനില്ലെങ്കില്‍ ഇറാഖ് ഇല്ലഎന്നാ ഗര്‍ജനം അദ്ദേഹത്തിന്റെ അന്ത്യം കാണുവാനെത്തിയവരെ വിറപ്പിച്ചിട്ടുണ്ടാകും. കാരണം ബാഗ്ദാദിനു 160 കിലോമീറ്റര്‍ വടക്ക് ഈന്തപ്പഴത്തോട്ടങ്ങളുടെ നഗരമായ തിക്രിത്തിനടുത്ത് അല്‍ ഓജ എന്ന ദരിദ്രഗ്രാമത്തില്‍ നിന്നും 75 വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയതായിരുന്നു സിംഹഗര്‍ജ്ജനം എന്ന് ചരിത്രം വാഴ്ത്തിയ സദ്ദാം ഹുസൈന്റെ ജീവിതം.

1937 ഏപ്രില്‍ 28നായിരുന്നു സദ്ദാമിന്റെ ജനനം. അല്‍ ഓജയിലെ ഏതോ ഒരു അജ്ഞാത ആട്ടിടയനായി ജീവിതം നെയ്യേണ്ട സദ്ദാമിന്‍റെ ഉയര്‍ച്ചയുടെ തിരക്കഥയെഴുതിയത് അമ്മയുടെ സഹോദരനും തിക്രിത്തിലെ അറബ് ദേശിയവാദി നേതാവുമായ ഖൈറള്ള തുല്‍ഫയാണ്. സദ്ദാമിനെ തിക്രിത്തിലും തുടര്‍ന്ന് ബാഗ്ദാദിലും കൊണ്ടുപോയി വിദ്യാഭ്യാസം കൊടുത്തതും അദ്ദേഹം തന്നെ. അങ്ങനെയാണ് അമ്മാവന്‍ ഖൈറള്ള തുല്‍ഫയുടെ മകന്‍ അദ്നാന്‍ ഖൈറള്ള സദ്ദാമിന്റെ കളിക്കൂട്ടുകാരനും രാഷ്ട്രീയ സഹയാത്രികനുമായത്. പിന്നീട് ഇവരുടെ കൂട്ടുകെട്ട് അദ്നാന്‍ ഖൈറള്ളയെ ഇറാഖിന്റെ പ്രതിരോധ മന്ത്രിപദംവരെ എത്തിച്ചു. അമ്മാവന്റെ മകള്‍ സാജിദയാണ് സദ്ദാമിന്റെ ഭാര്യ.
സദ്ദാം ചെറുപ്പത്തില്‍

സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിയായ സദ്ദാം വിശാല അറബ് ദേശിയതയുടെ വക്താക്കളായ അറബ് ബാത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പട്ടാള ഭരണാധികാരിയായ ബ്രിഗേഡിയര്‍ അബ്ദുല്‍ കരീം കാസിമിനെതിരായ വധശ്രമകേസില്‍ പ്രതിയായ സദ്ദാം ഈജിപ്ത്തിലേക്ക് നാടുകടന്നു,   അതും തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍. ഈജിപ്ത്തില്‍ നിന്നും നിയമ പഠനം പൂര്‍ത്തിയാക്കിയ സദ്ദാം, കാസിമിനെ വധിച്ചു ബാത്ത് പാര്‍ട്ടി ഇറാഖ് ഭരണം പിടിച്ചെടുത്തതോടെ 1963-ല്‍ ഇറാഖിലേക്ക് വന്നു. ബ്രിഗേഡിയര്‍ കാസിമിന്റെ സഹായിയായ കേണല്‍ അബ്ദുല്‍ സലാം മുഹമ്മദ്‌ ആരിഫ് ബാത്തിസ്റ്റുകളെ പുറത്താക്കി ഭരണം പിടിച്ചെടുത്തതോടെ സദ്ദാം ജയിലിലായി. രണ്ടു വര്‍ഷത്തിനു ശേഷം ജയില്‍ ചാട്ടം. അതേകൊല്ലം വീണ്ടും വിപ്ലവത്തിലൂടെ സദ്ദാമിന്റെ ബന്ധുവായ അഹമദ് ഹസന്‍ അല്‍ ബക്കര്‍ ഇറാഖിന്റെ പുതിയ പ്രസിഡന്റായി, സദ്ദാം പാര്‍ട്ടിയുടെ അസിസ്റ്റന്‍റ് സെക്രട്ടറി ജനറലും.
പിന്നീട് ലോകം കണ്ടത് ഭരണ മേഖലകളില്‍ ഈ യുവാവിന്റെ പടയോട്ടമായിരുന്നു. സദ്ദാം സൈന്യത്തെ പുനഃസംഘടിപ്പിച്ചു ശക്തമാക്കി. ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ശക്തമാക്കിയ സദ്ദാം തന്റെ പ്രതിയോഗികളെ നിശബ്ദരാക്കി. 1974-ലെ കുര്‍ദ് കലാപം അടിച്ചമര്‍ത്തിയ സദ്ദാം 1978-ല്‍ പ്രതിപക്ഷ പാര്‍ട്ടികളെ നിരോധിച്ചു. 1979 ജൂലൈ 16നു ഹസ്സന്‍ അല്‍ ബക്കര്‍ അനാരോഗ്യം മൂലം രാജിവെച്ചപ്പോള്‍ ഇറാഖിന്റെ പുതിയ പ്രസിഡന്റ് പദത്തിലേക്ക്.

സദ്ദാമിനെ തൂക്കിലെറ്റുന്നതിനു മുമ്പ്
ഏറ്റുമുട്ടലിന്റെയും പോരാട്ടങ്ങളുടെയും നാളുകളായിരുന്നു പിന്നീട്. ആദ്യം ഇറാനെതിരായ യുദ്ധം. 1980-ല്‍ തുടങ്ങിയ യുദ്ധം ഇരു രാജ്യങ്ങളുടെ സമ്പദ് വ്യസ്ഥയെ താറുമാറാക്കി. പിന്നീട് 1988 അഗസ്റ്റ് 20നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇറാഖ് ജനതയുടെ ജീവിതം മൂന്നാം ലോക നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. പിന്നീട് ലോകം കണ്ടത് ഇറാഖ്-കുവൈത്ത് യുദ്ധം. ഇറാഖിന്റെ അതിര്‍ത്തിയില്‍ നിന്ന് കുവൈത്ത് എണ്ണ ചോര്‍ത്തുന്നുവെന്നാരോപിച്ചായിരുന്നു അന്നത്തെ യുദ്ധം. 1990-ല്‍ ഇറാഖ് സേന കുവൈത്ത് പിടിച്ചെടുത്തു. കുവൈത്തിന്റെ മോചനത്തിനായി യു.എസും സഖ്യകക്ഷികളും ചേര്‍ന്ന് 1991 ജനുവരി 16 മുതല്‍ ഇറാഖിനെതിരെ ആക്രമണം ആരംഭിച്ചു. ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം എന്ന്‍ പേരിട്ട ഒന്നാം ഗള്‍ഫ് യുദ്ധം 1991 ഫെബ്രുവരി 28നു ഇറാഖ് സേന കുവൈത്തില്‍ നിന്ന് പിന്‍മാറിയതോടെ സമാപിച്ചു.
ഇറാഖിന്റെ കുവൈത്ത് അധിനിവേശക്കാലത്ത് നിരത്തിലൂടെ നീങ്ങുന്ന ടാങ്ക്.  

2002 ഡിസംബര്‍ ഏഴിന് കുവൈറ്റ് അധിനിവേഷം തെറ്റായിപോയെന്ന സദ്ദാമിന്റെ ക്ഷമാപണം കുവൈറ്റ് തള്ളി. ഇറാഖില്‍ രാസ-ജൈവായുധ ശേഖരമുണ്ടെന്നും സദാമിന് അല്‍ ഖായിദ ബന്ധമുണ്ടെന്നും യു.എസ് പ്രസിഡന്റ് ബുഷ്‌ ആരോപിച്ചു. 2003 ഫെബ്രുവരിയില്‍‍ സദ്ദാം ഇതു പരസ്യമായി നിഷേധിച്ചു. ഇറാഖില്‍ അണവായുധങ്ങള്‍ ഇല്ലെന്ന് യു.എന്‍ പ്രസ്ഥാനമായ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ ഡയറക്ടര്‍ ഡോ.മുഹമ്മദ്‌ അല്‍ ബറോധ വെളിപ്പെടുത്തിയെങ്കിലും അമേരിക്ക അത് ചെവിക്കൊണ്ടതേയില്ല.

യു.എസ് സൈനികന്‍ ഇറാഖ് യുദ്ധത്തിനിടെ.
അങ്ങനെ 2003 മാര്‍ച്ച്‌ 20നു രണ്ടാം ഗള്‍ഫ് യുദ്ധത്തിനു തുടക്കമായി. ഏപ്രില്‍ 9നു യു.എസ് സേന ബാഗ്ദാദ് പിടിച്ചെടുത്തതോടെ സദ്ദാം ഭരണത്തിനു അന്ത്യമായി. സദ്ദാമിന്റെ മക്കളായ ഉദ്ദയ്, ഖുസയ് എന്നിവരെ യു.എസ് സേന വെടിവെച്ചു കൊന്നു. ഡിസംബര്‍ 14നു ഇറാഖിലെ തിക്രിത്തിനടുത്ത് ഒരു കൃഷിക്കളത്തിലെ ഭൂഗര്‍ഭ അറയില്‍നിന്ന് ആ മുന്‍ഭരണാധികാരിയെ യു.എസ് സേന പിടികൂടി. 2005 ഒക്ടോബര്‍ 19നു ദുജൈല്‍ കൂട്ടക്കൊലക്കേസില്‍ സദ്ദാമിനും കൂട്ടുപ്രതികള്‍ക്കുമെതിരായ വിചാരണ തുടങ്ങി. പിന്നീട് സദ്ദാമിനു ആ ഡിസംബര്‍ 30 ലെ തൂക്കുമരത്തില്‍ സംഭവബഹുലമായ അന്ത്യം.
സദ്ദാമിനെതിരായ ദുജൈല്‍ കൂട്ടക്കൊലക്കേസ് 2005ല്‍ വിചാരണ തുടങ്ങിയപ്പോള്‍ത്തന്നെ ഒരു ജുഡീഷ്യല്‍ വധത്തിന്റെ തിരക്കഥ യു.എസ് തയ്യാറാക്കിയിരുന്നു. ആയിരകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട അന്‍ഫാല്‍, ഹലാബ്ജ എന്നീ കേസുകള്‍ നിലവിലിരിക്കെ 1982ല്‍ 148പേര്‍ മാത്രം കൊല്ലപ്പെട്ട ദുജൈല്‍ കേസ് മാത്രമാണ് വിചാരണ ചെയ്യാന്‍ തുടങ്ങിയത്. വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിവുള്ളതായിരുന്നു ദുജൈല്‍ കൂട്ടക്കൊലക്കേസ്. മാത്രവുമല്ല അന്‍ഫാല്‍, ഹലാബ്ജ എന്നീ കൂട്ടക്കൊലകള്‍ നടന്ന ഇറാഖ്-ഇറാന്‍ യുദ്ധത്തില്‍ ഇറാഖിന്റെ സഖ്യകക്ഷിയായിരുന്നു അമേരിക്ക. അതുക്കൊണ്ട് തന്നെ ഈ കേസുകള്‍ പരിഗണിക്കപ്പെട്ടാല്‍ അമേരിക്കക്കെതിരെ ഉയര്‍ന്നു വരുവാനുള്ള ചോദ്യങ്ങള്‍ ദുജൈല്‍ വിചാരണവഴി അമേരിക്ക അട്ടിമറിച്ചു. അതുകൂടാതെ അന്‍ഫാല്‍, ഹലാബ്ജ എന്നിവിടങ്ങളില്‍ സദ്ദാമിന്റെ സൈന്യത്തിന് ആക്രമണം നടത്താനുള്ള രാസായുദ്ധങ്ങള്‍ അമേരിക്കയാണ് നല്‍കിയത്.

സദ്ദാമിനെ യു.എസ് സൈനികര്‍ പിടികൂടിയപ്പോള്‍.
സദ്ദാമിനെ ബലിപ്പെരുന്നാല്‍ ദിനത്തില്‍ത്തന്നെ വധിച്ചത് യു.എസ് അധിനിവേശത്തിനു എതിരായ ആക്രമണത്തെ ശക്ത്തിപ്പെടുത്തുമെന്ന് കരുതിയവര്‍ ഏറെയുണ്ടായിരുന്നു. എങ്കില്‍ അത് അമേരികയ്ക്ക് ഒരു നഷ്ടകച്ചവടം ആയേനെ, പക്ഷെ സദ്ദാമിന്റെ ശിക്ഷ മനസ്സില്‍ വിധിക്കുകയും തിരക്കഥ തയ്യാറാക്കുകയും ചെയ്ത അമേരിക്കന്‍ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍ അങ്ങനെയല്ലായിരുന്നു എന്ന് വേണം കരുതാന്‍. അതുക്കൊണ്ടാണ് ബലിപ്പെരുന്നാല്‍ ദിനത്തില്‍ത്തന്നെ സദ്ദാമിനെ വധിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. പിന്നീട് ബുഷ്‌ ഭരണത്തില്‍ നിന്നും തെറിച്ചതും ഒബാമ ഭരണകൂടത്തിന്റെ സൈനിക പിന്മാറ്റവും തിരക്കഥയില്‍ രൂപമാറ്റം വരുത്തി.

സദ്ദാമിന്റെ ശിക്ഷ നടപ്പാക്കിയതിന് മണിക്കൂറുകള്‍ ശേഷം ഇറാഖിലുണ്ടായ സ്ഫോടനം ഭാവിയില്‍ ഉണ്ടായേക്കാവുന്ന സുന്നി-ഷിയാ കലാപങ്ങളിലേക്കാണ് വിരല്‍ ചൂണ്ടിയത്. കാരണം ഷിയാക്കള്‍ നിയന്ത്രിക്കുന്ന ഭരണമായിരുന്നു അന്ന് ഇറാഖിലേത്, വധിക്കപ്പെട്ടത് സുന്നിയായ മുന്‍ഭരണാധികാരി. അതുക്കൊണ്ട് തന്നെ ഷിയാ പുണ്യനഗരമായ നജഫിനടുത്തുള്ള കൂഫയിലും ബാഗ്ദാദിന് അടുത്തുള്ള ഹൂറിയയിലുമുണ്ടായ സ്ഫോടനം സുന്നികളുടെ പ്രതിഷേധമായിരുന്നു.
അറബ് ദേശീയതയുടെ പ്രതീകമായിരുന്ന സദ്ദാം ഒരു യഥാര്‍ത്ഥ മതേതര വാദിയായിരുന്നു. താന്‍ സുന്നി വിഭാഗക്കാരനായിരുന്നെങ്കിലും താക്കോല്‍ സ്ഥാനങ്ങളിലെല്ലാം സദ്ദാം ഷിയാ വിഭാഗക്കാരെ നിയമിച്ചു. അതുക്കൊണ്ട് തന്നെയാണ് സദ്ദാമിന്റെ ഭരണക്കാലത്ത് ഇറാഖ് ഇസ്ലാമിക ലോകത്ത് സമാനതകളില്ലാത്ത സാമ്പത്തിക ശക്തിയായി ഉയര്‍ന്നത്. മൂന്നാം ലോക രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇറാഖിനെ ഉയര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സദ്ദാമിന്‍റെ ഭരണ നേട്ടമായിരുന്നു. ഇറാഖ് നൂറ് ശതമാനം സാക്ഷരത കൈവരിച്ചതും ഇക്കാലത്ത്ത്തന്നെ. ഏറ്റവും പിന്നോക്കാവസ്ഥയില്‍ നിന്നും ഇറാഖിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കിയത് സദ്ദാമായിരുന്നു. രാജ്യത്തിനകത്തെ വംശീയ കലാപങ്ങള്‍ അടിച്ചമര്‍ത്തിയ അദ്ദേഹം ഭരണ, സാമ്പത്തിക സ്ഥിരത കൈവരുത്തി.



ജോര്‍ജ് ബുഷ്‌
സദ്ദാമിനെ വധിച്ച ഇറാഖ് ഭരണാധികാരികള്‍ക്ക് ഒരു ഭരണനേട്ടവും പറയാനുണ്ടായിരുന്നില്ല. സദ്ദാം ഹുസൈനെതിരെ ശിക്ഷ നടപ്പാക്കാന്‍ അമേരിക്കയുടെ മടിയിലിരുന്ന് ഇറാഖ് ഭരിക്കുന്നവര്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല. ആര് നല്‍കിയ എന്ത് അധികാരത്തിന്‍റെ ബലത്തിലായിരുന്നു അവര്‍ സദ്ദാമിന്റെ കഴുത്തില്‍ തൂക്കുകയര്‍ ഇട്ടത്?? അമേരിക്കയുടെ ആശീര്‍വാദത്തിന്റെ തണലിലാണെങ്കില്‍ അതേ ആശീര്‍വാദം അമേരിക്ക സദ്ദാമിനും നല്‍കിയിരുന്നു.
അമേരിക്കയെ സംബന്ധിച്ച് ഇറാഖ് മറ്റൊരു വിയറ്റ്നാം ആയിരുന്നു. 1975ല്‍ അമേരിക്ക വിയറ്റ്നാമില്‍ നിന്നും പിന്തിരിഞ്ഞോടിയത് അരലക്ഷത്തിലധികം യു.എസ് സൈനികരെ ബലിക്കൊടുത്തതിനു ശേഷമായിരുന്നു. ലക്ഷക്കണക്കിന്‌ വിയറ്റ്നാംക്കാരും മരിച്ചു. ആ മണ്ടത്തരത്തിന്റെ ഭാരം അമേരിക്കയ്ക്ക് താങ്ങാവുന്നതിലധികമായിരുന്നു. അതുപ്പോലൊരു തോല്‍വിയെ മറച്ചു പിടിക്കാനായിരുന്നു അന്നത്തെ സദ്ദാമിന്റെ വധം. മൂന്നര വര്ഷം കഴിഞ്ഞിട്ടും ഇറാഖ് യുദ്ധം വിജയം കണ്ടില്ല എന്നതായിരുന്നു ഇറാഖില്‍ യു.എസിനെ കുരുക്കിയത്. അത് യു.എസ് ഇടക്കാല തിരെഞ്ഞെടുപ്പിലാണ് പ്രതിഫലിച്ചത്. ഇരുസഭകളിലും ബുഷിന്റെ കക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടി തോറ്റ് തുന്നം പാടി.

അമേരിക്ക പിന്തുണച്ച വിയറ്റ്നാമിനോടൊപ്പം കംബോഡിയ ലാവോസ് എന്നീ രാജ്യങ്ങല്‍ക്കൂടി 1975ല്‍ കമ്മ്യുണിസ്റ്റ് ഭരണത്തിലായിയെങ്കിലും  കൂടുതല്‍ തിരിച്ചടി അമേരിക്കയ്ക്ക് നേരിടേണ്ടി വന്നിരുന്നില്ല. ദോഷം പറയരുതല്ലോ.., ഇറാഖിലെ സ്ഥിതി നേരെ തിരിച്ചായിരുന്നു. ഇറാഖിലെ പരാജയം അങ്ങനെയാവില്ലെന്നും യു.എസ് താല്പര്യങ്ങള്‍ക്ക് കനത്ത ദോഷം ചെയ്യുമെന്നും ബുഷ്‌ മനസ്സിലാക്കി. പിന്നീട് ലോകം കണ്ടത് അമേരിക്കയുടെ തലയൂരല്‍ പദ്ധതിയായിരുന്നു. വിയറ്റ്നാം യുദ്ധക്കാലത്ത് അമേരിക്ക ഭരിച്ച പ്രസിഡന്റ് ലിന്‍ഡന്‍ ജോന്‍സന്‍ വരെ നാണിച്ചുപോകുന്ന തരത്തിലാണ് ബുഷ്‌ തലയൂരല്‍ പദ്ധതി ആവിഷ്കരിച്ചത്. അതിന്റെ ഒരു ഫലമായിരുന്നു ഇറാഖിലെ സ്ഥിതിഗതികള്‍ വിലയിരുത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ യു.എസ് നിയമിച്ച പത്തംഗ സമിതി. ഇറാഖ് യുദ്ധത്തിലുണ്ടായ പാളിച്ചകളെക്കുറിച്ച്ചുള്ള കുറ്റപത്രമായിരുന്നു യഥാര്‍തത്തില്‍ അത്. പരുക്കുകള്‍ കൂടാതെ എങ്ങനെ തലയൂരാമെന്ന് ബുഷിനെ പഠിപ്പിച്ചത് ബുഷിന്റെ പിതാവ് പ്രസിഡണ്ടായിരുന്ന കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജയിംസ് ബേക്കറായിരുന്നു.

അഹമദ് നെജാദ്
ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളായിരുന്നു യഥാര്‍തത്തില്‍ യു.എസ് പരീക്ഷിച്ചത്. ഇറാഖ് ആണവായുധം ഉണ്ടാക്കുന്നുവെന്നും സദ്ദാമിന് അല്‍-ഖായിദ ബന്ധമുണ്ടെന്നും പറഞ്ഞത് ഇതിന്റെ ഉദാഹരണങ്ങളാണ്. ഇതാണ് തങ്ങള്‍ ആണവായുധം ഉണ്ടാക്കുന്നുണ്ടെന്ന് യു.എസ്സിന്റെ മുഖത്ത് നോക്കി പറയാന്‍ ഇറാന്‍ പ്രസിടണ്ടായിരുന്ന അഹമദ് നെജാദിനെ പ്രേരിപ്പിച്ചതും. ഇതില്‍ കൂടുതല്‍ നാണക്കേട് യു.എസിന് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഒരു ഭാഗത്ത് ഇറാനേയും മറ്റു അറബ് രാജ്യങ്ങളെയും മറ്റൊരു ഭാഗത്ത് സുന്നികളെയും ഷിയാക്കളെയും തമ്മിലടിപ്പിക്കാനാണ് യു.എസ് ഇപ്പോള് ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.

സദ്ദാം ഹുസൈനെ ഇല്ലതാക്കിയതോടെ മദ്ധ്യപൂര്‍വ്വദേശങ്ങളിലെ വെല്ലുവിളി അവസാനിച്ചു എന്നാണ്‌ യു.എസ് കരുതിയത്‌. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും, അറബ് രാജ്യങ്ങള്‍ തമ്മിലുള്ള അന്തരീക്ഷം കൂടുതല്‍ സൗഹാര്‍ദ്ദപരവുമാവുകയാണ് ചെയ്തത്. ഒരര്‍ത്ഥത്തില്‍ അവസാനത്തെ അറബ് ദേശിയവാദിയെയാണ് മധ്യേഷ്യയിലെ രാഷ്ട്രീയ രംഗത്തുനിന്നും യു.എസ് തുടച്ചുനീക്കിയത്


No comments:

Post a Comment